Monday, August 29, 2011

നടുക്കടലിലേക്ക്‌ പോയ തോണി

സി. വി. വിജയകുമാർ

'പീറ ജീവിത വെറ്റിലയിന്മേൽ
നൂറുതേച്ചിടും നിൻപരിഹാസം


വൈലോപ്പിള്ളിയുടെ ഈ വരികൾ ഇവിടെ ഉദ്ധരിക്കുന്നതിന്റെ സാംഗത്യത്തെപ്പറ്റി സംശയം തോന്നിയേക്കാം. എന്നാൽ, മാത്യുനെല്ലിക്കുന്നിന്റെ 'വേലിയിറക്കം' എന്ന നോവലിനെപ്പറ്റി എഴുതുമ്പോൾ എനിക്ക്‌ ഇങ്ങനെ തുടങ്ങാനേ കഴിയൂ. കാരണം നമ്മൾ പ്രതീക്ഷാനിർഭരമായി കെട്ടിയുയർത്തുന്ന, നമുക്കേറ്റവും വിലപ്പെട്ട ജീവിതം പീറ ജീവിതമായിത്തീരുന്നതിന്റെ ദയനീയമായ കഥയാണീ നോവൽ. പരിഹസിക്കുന്ന കോമാളി ക്രൂരനായ വിധിയാണെന്ന വ്യത്യാസം മാത്രം.


അതുകൊണ്ടാണ്‌ നടുക്കടലിലേക്ക്‌ പോയ തോണി എന്ന്‌ ഞാനതിനെ വിളിക്കുന്നത്‌. ദൗർഭാഗ്യങ്ങളുടെ കൊടുങ്കാറ്റിൽപ്പെട്ട്‌, വേലിയിറക്കത്തിൽ നടുക്കടലിലേക്ക്‌ ഒഴുകിപ്പോവുകയാണിവിടെ നായകന്റെ ജീവിത നൗക. ഹെമിങ്‌ വേയുടെ വിഖ്യാതമായ നായകനായ സാന്തിയാഗോയുടെ ചൂണ്ടയിൽ വലിയൊരു മെർലിൻ മത്സ്യത്തിന്റെ അസ്ഥിപഞ്ജരം ശേഷിച്ചിരുന്നത്‌ നമുക്കോർമ്മയുണ്ട്‌. അത്‌ കൈവിട്ടുപോയ ഭാഗ്യത്തിന്റെയും പ്രതീക്ഷയുടെയും തിരുശേഷിപ്പായിരുന്നു. മറ്റൊരർത്ഥത്തിൽ അത്‌ മനുഷ്യജീവിതത്തിന്റെ പരമമായ ഭാഗധേയത്തിന്റെ പ്രതീകവുമാകുന്നു. ഗതിവിഗതികളുടെ ചുഴികളിലും അടിയൊഴുക്കുകളിലും പെട്ട്‌ രാജൻ എന്ന അമേരിക്കൻ മലയാളി വേലിയിറക്കത്തിൽ ജീവിതത്തിന്റെ തീരത്ത്‌ നിന്നും നടുക്കടലിലെ ജലാരണ്യത്തിലേക്ക്‌ ഒറ്റപ്പെട്ടു പോവുകയാണ്‌.


മനുഷ്യാവസ്ഥയുടെ മറ്റൊരുദയനീയാവസ്ഥയിലേക്ക്‌. കുമാർഗ്ഗങ്ങളിലൂടെ അനിയന്ത്രിതമായി ഓടാൻ വെമ്പുന്ന മനുഷ്യമനസ്സിനെ കടിഞ്ഞാൺ കെട്ടാൻ ധർമ്മപാശങ്ങളില്ലാത്ത ഒരു സാമൂഹ്യവ്യവസ്ഥയുടെ ഇരയാവുകയാണയാൾ. രതിയുടെയും ലഹരിയുടെയും ഉന്മാദസമുദ്രത്തിലെ വേലിയേറ്റങ്ങളിൽ, വേലിയിറക്കത്തിന്റെ ചെങ്കുത്തായ ആഴങ്ങളെപ്പറ്റി അവിടെ ആരും ആലോചിച്ചുനോക്കാറില്ല.
ആസക്തികളുടെ തരംഗലീലയിൽ അവരങ്ങനെ ചാഞ്ചാടിക്കൊണ്ടിരിക്കും. സ്വയം മറന്നുകൊണ്ട്‌ രാജൻ നടത്തുന്ന ഈ മദിരോത്സവങ്ങളിൽ നാശത്തിലേക്ക്‌ പോകുന്ന നൃത്തച്ചുവടുകളാണുള്ളതെന്ന്‌ അവൻ അറിയുമ്പോഴേക്കും നെല്ലികുന്നു തന്നെ പറയുംപോലെ തിളങ്ങുന്ന ശൂന്യത തൊട്ടടുത്തെത്തിയിട്ടുണ്ടാവും. അങ്ങനെ വേഗതപോരാ പോരായെന്നു തോന്നിയ സമയസൂചികകൾ അയാളെ മറികടന്നുപോവുകയും ചെയ്യും.


ഇങ്ങനെ ദുരന്തങ്ങളുടെ പ്രയാണ സ്ഥലികളിലേക്ക്‌ പുറപ്പെടാൻ വെമ്പുന്ന മനുഷ്യർക്കുള്ള മൂന്നാര്റിയിപ്പായി രാജന്റെ ജീവിതത്തെ തുറന്നുകാട്ടുകയാണീ നോവൽ. അതിൽ വേലിയിറക്കങ്ങളിൽപ്പെട്ട്‌ നടുക്കടലിലേക്ക്‌ ഒഴുകിപ്പോകാതിരിക്കാനുള്ള ഓർമ്മപ്പെടുത്തലുകൾ ഉണർന്നിരിക്കുക കൂടി ചെയ്യുന്നു. എന്റെ ശ്യേഷ്ഠ ഉത്തരവാദിത്തം നിനക്കു തന്നെ എന്നും അത്‌ നമ്മോട്‌ സുവിശേഷിക്കുന്നു.


ബന്ധങ്ങളുടെ സമ്പദ്ഘടന

പെൺകുട്ടികളുടെ ഹൃദയത്തിലാണ്‌ കാലത്തിന്റെ അർത്ഥവും രഹസ്യവും ഒളിച്ചിരിക്കുന്നതെന്ന്‌ ഖലീൽ ജിബ്രാൽ ഒരിടത്ത്‌ പറഞ്ഞിട്ടുണ്ട്‌. ഏറ്റവും ജ്ഞാന ദീപ്തമായൊരു ദർശനമാണത്‌. എന്നാൽ, കനകവും കാമിനിയും സൃഷ്ടിക്കുന്ന കലഹങ്ങളെപ്പറ്റി കുഞ്ചൻ നമ്പ്യാരും സൂചിപ്പിച്ചിട്ടുണ്ട്‌. പുരുഷനെ മോക്ഷത്തിന്റെ പരമപദത്തിൽ നിന്നും സംസാരബന്ധനത്തിലേക്ക്‌ കൂപ്പുകുത്തിയ്ക്കുന്ന പ്രലോഭനമെന്ന നിലയ്ക്കുള്ള ആധ്യാത്മികമായൊരു ചിന്താധാരയിൽ നിന്നാണ്‌ എഴുത്തച്ഛൻ പറഞ്ഞിരിക്കുന്നത്‌.


സ്ത്രീ ഹൃദയത്തിൽ സ്വാർത്ഥതയുടെ നിഗോ‍ൂഡമായ ഇരുൾപ്പറപ്പുകളും അവിടെ ക്രൂരതയുടെ ഹിംസ്രമൃഗങ്ങൾ പതിയിരിക്കുന്നുണ്ടെന്നും പുരുഷന്റെ ഇന്നുവരെയുള്ള അനുഭവങ്ങളും സാക്ഷ്യപ്പെടുത്തുന്നുണ്ട്‌. വേലിയിറക്കം എന്ന നോവലിൽ നാം തൊട്ടനുഭവിക്കുന്നതും ഈ ഇരുണ്ട സ്ത്രീ ഹൃദയത്തിലെ ദംഷ്ട്രകളുടെ ക്രൂരതയാണ്‌. ബന്ധങ്ങളുടെ സമ്പട്ഘടനാപരമായ അസ്തിത്വത്തെപ്പറ്റി, അതും കുടുംബബന്ധങ്ങളുടെ ഇഴയടുപ്പത്തെപ്പറ്റിയുള്ള തത്ത്വചിന്താപരമായ ആലോചന, മാത്യുനെല്ലിക്കുന്നിന്റെ കൃതികളുടെ മുഖ്യ ചർച്ചാധാരകളിലൊന്നാണ്‌.


ഏതു ബന്ധത്തിന്റെയും നിലനിൽപ്പിന്റെ ആധാരം സമ്പത്താണെന്ന്‌ മാർക്ക്സ്‌ മുമ്പേ പറഞ്ഞുവച്ചിട്ടുണ്ട്‌. സ്നേഹത്തിന്റെ ഈ കറൻസിമൂല്യത്തെപ്പറ്റിയും കമ്പോള മനോഭാവം സ്ത്രീപുരുഷ ബന്ധങ്ങളിൽ സംഭവിപ്പിക്കുന്ന മൂല്യനിരാസത്തെപ്പറ്റിയുമുള്ള ക്ഷോഭജനകമായ ചോദ്യചിഹ്നങ്ങൽ അത്‌ നമ്മുടെ ചിന്തയിൽ വരച്ചിടുകയും ചെയ്യുന്നുണ്ട്‌. ശക്തിയും സമ്പത്തും ക്ഷയിക്കുമ്പോൾ കുടുംബബഹിഷ്കൃതരായിത്തീരുന്ന പുരുഷന്മാരുടെ കഥാകാരനായി അങ്ങനെ മാത്യു നെല്ലിക്കുന്നു മാറുകയും ചെയ്യുന്നു. വേലിയിറക്കത്തിലെ രാജനും സൂര്യവെളിച്ചത്തിലെ തോമയുമെല്ലാം ഈ പ്രതിസന്ധിയുടെ ദാരുണനിയോഗത്തിൽപ്പെട്ടു പോകുന്നവരാണ്‌.


അതുകൊണ്ട്‌ നെല്ലിക്കുന്നിന്റെ നോവലുകളിലെ സ്ത്രീകഥാപാത്രങ്ങളുടെ പക്ഷം ചേർന്നുനിൽക്കുന്ന വായനക്കാരുടെ എണ്ണം കുറഞ്ഞുപോകുന്നു. സമൂഹത്തിൽ സ്ത്രീവിലാപങ്ങളെക്കാൾ ദാരുണമായ പുരുഷവിലാപങ്ങളുടെ അശാന്തിസ്ഥലികളെ ഏറ്റവും തീവ്രതയിൽ അടയാളപ്പെടുത്തുന്നതുകൊണ്ട്‌ മാത്യു നെല്ലിക്കുന്നിന്റെ രചനാശിൽപം പുരുഷകേന്ദ്രീകൃതംകൂടിയാണ്‌. ചഞ്ചലമായ സ്ത്രീമനസ്സ്പോലെ തന്നെ തന്റെ സ്ത്രീകഥാപാത്രങ്ങളുടെ സ്ഥിരതയും ചഞ്ചലമാകുന്നു. ജീവിതത്തിന്റെ അതിശയകരമായ ചപലതകളെപ്പറ്റിയുള്ള ഈ ശോകാത്മ ദർശനമാണ്‌ മാത്യുവിനെ മനുഷ്യസ്നേഹിയായ എഴുത്തുകാരനാക്കുന്നത്‌.

No comments:

Post a Comment