സണ്ണി തായങ്കരി
രാത്രിയിൽ കനത്ത മഴയുണ്ടായിരുന്നു. ശക്തമായ ഇടിയും വെട്ടി. ഉയരമുള്ള തെങ്ങിൻ തലപ്പുകൾ കത്തിയെന്നും പലവീടുകൾക്കും കേടുപാടുകൾ സംഭവിച്ചെന്നും പ്രസാർ ഭാരതി ന്യൂസിൽ കേട്ടു. കാറ്റ് അടിച്ചു തുടങ്ങിയപ്പോൾ പോയ കറന്റ് ഇനിയും എത്തിയിട്ടില്ല. ഇനി എപ്പോഴെങ്കിലും എത്തിയാലായി. കാറ്റുവീശിയാൽ കറണ്ട് പറന്നുപോകുന്ന സംവിധാനമാണല്ലോ നമ്മുടെ നാട്ടിലേത്. രാത്രി ഒൻപതിന് പരാതി പറയാൻ വിളിച്ചപ്പോൾ എൻഗേജ്ഡ് ട്യൂണാണ് മറുപടിയായി കിട്ടിയത്. അത് സ്ഥിരം പതിവായതിനാൽ നമ്മുടെ നാടല്ലേ, നമ്മുടെ ബോർഡല്ലേ, നമ്മുടെ സ്വന്തം ജീവനക്കാരല്ലേ എന്നൊക്കെ പരാതിക്കാർ സ്വയം ആശ്വസിച്ചുകൊള്ളുമെന്ന് വകുപ്പിനും അറിയാം മന്ത്രിക്കും അറിയാം. ഏതായാലും രാത്രിയിൽ ഒരുപോള കണ്ണടയ്ക്കാൻ കഴിഞ്ഞില്ല. ഫാനിന്റെ ചലനം അവസാനിക്കുന്നതും നോക്കി ഇരിക്കുകയല്ലേ മുനിസിപ്പാലിറ്റി വളർത്തുന്ന കൊതുകുവ്യൂഹം.
പുലർച്ചയോടെയാവും മഴ ശമിച്ചതു. മരപ്പെയ്ത്ത് അവസാനിക്കുന്നതേയുള്ളു. കാറ്റിൽ കൊഴിഞ്ഞുവീണ ഇലകൾ മുറ്റത്ത് പരവതാനി വിരിച്ചതുപോലെയുണ്ട്. പറമ്പിലെ അവസ്ഥയും ഭിന്നമല്ല. മരച്ചില്ലകളിൽ ഊർധശ്വാസം വലിക്കുന്ന മഞ്ഞ ഇലകൾക്ക് ഞെട്ടറ്റ് വീഴാൻ കാറ്റിന്റെ ചെറിയൊരു തലോടൽ മതി. പാമ്പ് പടം പൊഴിക്കുന്നതുപോലെ, ചില മരങ്ങൾ മഴക്കാലത്ത് ഇലകൾ പൊഴിക്കുന്നു. അയൽവാസികളോട് മരങ്ങൾ വെട്ടിക്കളയാൻ പറയാനാവില്ലല്ലോ. ദാമ്പത്യബന്ധം തകരാതെ സൂക്ഷിക്കുന്നതുപോലെത്തന്നെ സങ്കീർണമാണ് ഇക്കാലത്ത് അയൽബന്ധം നിലനിർത്തുകയെന്നതും.
പുരുഷന്മാരായ രണ്ടുമൂന്ന് അയൽവാസികൾ ഗേറ്റിൽ പ്രത്യക്ഷപ്പെടുന്നത് ജനാലയിലൂടെ കണ്ടു. ഗേറ്റ് കടന്ന ഉടനെ ഉച്ചഭാഷിണി ഗോപാലകൃഷ്ണൻ കുഴലിൽ ചുരുട്ടിവച്ച പേപ്പർ കൈയത്തിച്ച് എടുത്തെങ്കിലും നിവർത്തി നോക്കിയില്ല. അതൊരു അത്ഭുതമാണ്. ഒബാമ സ്വന്തം ജനത്തിന്റെ താത്പര്യം സംരക്ഷിക്കുകമൂലം രൂപയ്ക്ക് കടലാസുവിലയായതും നിത്യോപയോഗ സാധനങ്ങളുടെ വില സകല കാല റിക്കാർഡും ഭേദിച്ച് കുതിക്കുന്നതും കണ്ട് ജീവിക്കാൻ മറ്റേതെങ്കിലും ഗോളത്തിൽ പോകേണ്ടി വരുമെന്ന് നാഴികയ്ക്ക് നാൽപതുവട്ടം പരിതപിക്കുന്ന അയാളെന്തേ ഇന്ന് പേപ്പർ നിവർത്തുന്നില്ല? അയാൾ ഈയിടെയായി പത്രം തുറക്കുന്നതുതന്നെ വിലക്കയറ്റം ഭൂമിയും ശൂന്യാകാശവും കടന്ന് അങ്ങ് ചന്ദ്രനിലോ ചൊവ്വയിലോ എത്തിയോയെന്ന് ഉറപ്പ് വരുത്താനാണെന്നാണ് സ്വയം പറയാറ്.
കറണ്ട് പോയതിനാൽ ഒരു രാത്രിയുടെ ഉറക്കനഷ്ടത്തെപ്പറ്റി പരിതപിക്കാനാവും ഒരുപക്ഷേ അയൽ വാശികളുടെ രാവിലത്തെ പുറപ്പാട്. കെ.എസ്.ഇ.ബി.യ്ക്ക് ഒരു പരാതി എഴുതിക്കൊടുക്കാനും പറഞ്ഞേക്കാം. പക്ഷേ, സൂക്ഷിച്ച് നോക്കിയപ്പോൾ ആ മുഖങ്ങളിൽ ഒരു രാത്രി ഉറക്കമിളച്ചതിന്റെ പരാതിയോ ക്ഷീണമോ അല്ല, അതിലുപരി എന്തോ പ്രശ്നം അവരെ ഒന്നാകെ അലട്ടുന്നതുപോലെ! സിറ്റൗട്ടിൽ കയറിയിട്ടും നാവിന് ഒരിക്കലും വിശ്രമം കൊടുക്കാത്ത തോമാച്ചൻപോലും വാക്കുകൾക്കായി പരതുന്നു.
"എന്താ, എന്തുപറ്റി...?" ജിജ്ഞാസയുടെ പാരമ്യതയിലായി ഞാൻ.
മൗനമായിരുന്നു മൂവരിൽനിന്നും ലഭിച്ച മറുപടി.
"എന്താ അഷറഫേ പ്രശ്നം..." അപ്പോഴേയ്ക്കും എന്തോ പന്തികേട് ഞാനും മണത്തു.
"നമ്മുടെ കിഴക്കേ ഇടറോഡിൽ... ഒരു ജഡം..."
എന്നിൽനിന്ന് ഭയം കുരുക്കിട്ട ഒരു ഞരക്കമുയർന്നു.
"റോഡിൽ തലയറ്റാണ് കിടപ്പ്."
"ആരാണെന്ന്..."
"പരിചയമുള്ളവരാരുമല്ലെന്നാണ് തോന്നുന്നത്. തന്നെയുമല്ല, തലയില്ലാത്തതുകൊണ്ട് എങ്ങിനെ തിരിച്ചറിയാനാണ്?"
"പ്രായം...?"
"ചെറുപ്പമാ. ഒരു മുപ്പതിനപ്പുറം പോകുകേലെന്നാ കണ്ടവരൊക്കെ പറയുന്നേ."
"വെട്ടിമാറ്റിയ തലയിലൂടെ ഏതോ വണ്ടി കയറിയിറങ്ങിയിട്ടുണ്ടാവണം.രാത് രി മഴയ്ക്കൊപ്പം കരണ്ടും പോയതിനാൽ നല്ല ഇരുട്ടുണ്ടായിരുന്നല്ലോ. ഇടിച്ചുകുത്തി പെയ്ത മഴയും. വണ്ടിക്കാർ ശ്രദ്ധിച്ചു കാണില്ല. മുടിയും ചോരയും ചെളിയും കൂടിക്കുഴഞ്ഞ ഒരു കറുത്തവസ്തു ശവത്തിന് അൽപം അകലെയായി കിടപ്പുണ്ട്."
"ആരാണിത് ചെയ്തതെന്ന്..."
"ആർക്കറിയാം. ക്വട്ടേഷൻ സംഘമാവും. അവർക്കല്ലേ ഇപ്പോൾ ചാകര."
പരിസരവാസികളിൽ സ്ത്രീകളൊഴികെ മിക്കവരും ഇടറോഡിൽ ഒത്തുകൂടിയിട്ടുണ്ട്. സ്ത്രീകൾ പരിസരത്തെ വീട്ടിൽ ഒത്തുകൂടി കഥകൾ നെയ്യാൻ തുടങ്ങി. വല്ലാത്ത ഭയവും അരക്ഷിതത്വവും അവരെ ബാധിച്ചിരിക്കുന്നു. രാഷ്ട്രീയ പാർട്ടികളുടെ നേതാക്കന്മാർ പരസ്യമായിതന്നെ ചർച്ച ആരംഭിച്ചിട്ടുണ്ട്. പദ്ധതികളും അടവുനയങ്ങളും ആവിഷ്ക്കരിക്കാനുള്ള തിരക്കിലാണ് അവരെന്ന് തോന്നുന്നു. ഇലക്ഷൻ പടിവാതിക്കലെത്തിയിരിക്കുകയാണല് ലോ.
റോഡ് പൊട്ടിപ്പൊളിഞ്ഞ് ഉണ്ടായ ഗർത്തിൽ കലക്കവെള്ളം നിറഞ്ഞ് കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. ശുദ്ധജലപൈപ്പുകൾ ഇടുന്നതിനായി വെട്ടിപ്പൊളിച്ച ഭാഗങ്ങൾ തോടുകളായി മാറിയിരിക്കുന്നു. റോഡിലെ വെള്ളക്കെട്ടിൽ കമഴ്‌ന്നാണ് കബന്ധം കിടക്കുന്നത്. കുടലുകൾ വയറിന്റെ ഇടതുഭാഗത്തുകൂടി പുറത്തേക്ക് ചാടി ചോര ചുവപ്പിച്ച ജലത്തിൽ പാതിമുങ്ങി കിടക്കുന്നു. മഴ കഴുകി കളഞ്ഞെങ്കിലും സമീപത്തെ മതിൽ രക്തച്ഛവിയെ ആഗിരണം ചെയ്തിരിക്കുന്നു. രക്തവും ചെളിയും കൂടിക്കലർന്ന ജലം മാലിന്യം നിറഞ്ഞ് ഒഴുക്ക് മന്ദീഭവിച്ച ഓടയിലേക്ക് പതുക്കെ ഒലിച്ചുപോകുന്നുണ്ട്.
ചെവികളിൽനിന്ന് ചെവികളിലേക്ക് വാർത്ത പരന്ന് ജനം ഇരച്ചുവന്നു. വന്നവർ ശബ്ദമടക്കി, പിന്നെ പിറുപിറുത്ത് ചത്തവനെ ന്യായീകരിച്ചും കൊന്നവനെ ശപിച്ചും ക്രമസമാധാനപാലകരെ പഴിച്ചും താന്താങ്ങളുടെ വഴിക്ക് പിരിഞ്ഞുപോയി. ഒരപരിചിതന്റെ മരണം അതിൽക്കൂടുതൽ പരിഗണനയും സഹതാപ വും അർഹിക്കുന്നില്ലെന്ന് ആർക്കാണ് അറിഞ്ഞുകൂടാത്തത്!
വിഭിന്നതരം വാർത്തകൾ പിറന്നുവീണു. പിറന്നുവീണ വാർത്തകളിൽ കൂടുതൽ മസാല കലർത്തി ജനങ്ങളിലേക്ക് എത്തിക്കാൻ ക്യാമറായും തത്സമയ ലേഖികയുമെത്തി. അതോടെ അവിടവിടെയായി നിന്ന ജനം പതുക്കെ ക്യാമറയ്ക്ക് സമീപത്തേക്ക് നീങ്ങി. കക്ഷി നേതാക്കൾ മുടി ശരിയാക്കി, മുഖം തുടച്ച് തയ്യാറായി. ചോദ്യം ആദ്യം അവരോടാകുമെന്ന് അവർക്ക് ഉറപ്പാണ്.
ചാനൽ എംബ്ലം കഴുത്തിൽ തൂക്കിയ മൈക്കുമായി ലേഖിക ശുഭ്രവസ്ത്രധാരികളുടെ ആദ്യ കൂട്ടത്തെ സമീപിച്ചു. ഓരോ കൂട്ടവും ഓരോ കക്ഷികളെ പ്രതിനിധാനം ചെയ്യുന്നുവേന്ന് ലേഖിക അനുഭവത്തിലൂടെ മനസ്സിലാക്കിയിട്ടുണ്ട്. താമസിയാതെ മൂന്ന് ആംബുലൻസുകൾ ഒന്നിനുപിറകിൽ ഒന്നായി ഇരച്ചെത്തി. സാടാ ജനം അമ്പരന്നു. ഒരു ജഡത്തിന് മൂന്ന് ആംബുലൻസോ?
അപ്പോഴേയ്ക്കും പോലീസ് ജീപ്പ്പ് ഇരച്ചെത്തി. എസ്.ഐ. ജീപ്പ്പിൽനിന്ന് ഇറങ്ങി വിശദമായ പരിശോധന നടത്തി. പിന്നെ നേതാക്കളുമായി ഹ്രസ്വചർച്ച. ഓരോരുത്തരും അത് തങ്ങളുടെ പ്രിയപ്പെട്ട പ്രവർ ത്തകന്റെ ജഢമാണെന്ന് അസന്നിഗ്ധമായി പ്രഖ്യാപിച്ചു.
ചാനൽ ലേഖികയുടെ ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് നിയമപാലകൻ ഇങ്ങനെ പ്രതികരിച്ചു.
"ഒന്നും പറയാറായിട്ടില്ല. ഒരു സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല."
"ഇതൊരു രാഷ്ട്രീയ കൊലപാതകമാണോ സാർ...?"
"ആയിക്കുടെന്നില്ല."
"മൂന്നുകക്ഷികളും അവകാശപ്പെടുന്നു അവരുടെ പ്രവർത്തകനാണെന്ന്..."
"ആവാം."
"തെരഞ്ഞെടുപ്പ് അടുത്തതുകൊണ്ടാണോ?" അതിന് മറുപടിയില്ല.
"മൂന്നുകക്ഷികളും ആംബുലൻസ് കൊണ്ടുവന്നിട്ടുണ്ടല്ലോ. ഇവിടെ ഒരു ക്രമസമാധാന പ്രശ്നത്തി നുള്ള സാധ്യത...?"
"അതിനാണല്ലോ പോലീസ്."
പൊടുന്നനെ ഒരു വലിയ ശബ്ദം കേട്ടു. തുടർന്ന് അലർച്ചയും ആക്രോശവും. ജനത്തിന്റെ ശ്രദ്ധ അങ്ങോട്ടായി. ജനം കബന്ധം ഉപേക്ഷിച്ച് അങ്ങോട്ടോടി.
ആക്സിഡന്റാണ്. ആംബുലൻസുകൾ നിർത്തിയിട്ടതിന്റെ സമീപം ഒരു ബൈക്കുകാരനെ മണൽ കയറ്റിവന്ന ടിപ്പർ ഇടിച്ചു. അയാൾ വെള്ളക്കെട്ടിൽ പതിച്ചു. ടിപ്പറിന്റെ ടയർ ചെറുപ്പക്കാരന്റെ നെഞ്ചിലൂടെ കയറിയിറങ്ങിയത്രേ! ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ഓടിക്കൂടിയവരിൽ ആരോ ടിപ്പർ പുറകോട്ട് എടുത്തു. ചെളിയിൽ പുതഞ്ഞ ചെറുപ്പക്കാരനെ പുറത്തെടുത്തു.
മരണം തണുപ്പായി മേനിയിൽ പിടിമുറുക്കിയ അയാൾക്കായി നേതാക്കന്മാർ സഹതാപപ്രകടനം നടത്തി. ടിപ്പറുകളുടെ മരണയോട്ടത്തെപ്പറ്റി രോഷംകൊണ്ടു.
ജനത്തിന്റെ സമ്മർദം സഹിക്കാനാവാതെ പോലീസ് ജീപ്പ്പിൽ അയാളെ കൊണ്ടുപോകുമ്പോഴും ആംബുലൻസുകളും നേതാക്കന്മാരും ഇരയ്ക്ക് കാവൽ നിൽക്കുകയായിരുന്നു.
No comments:
Post a Comment