എം.കെ.ഹരികുമാർ
നിശ്ചലമായിരിക്കുക എന്നതാണ് പ്രകൃതിവിരുദ്ധമായിട്ടുള്ളത്. ആശയങ്ങളുടെ തലത്തിൽ നിശ്ചലമായിരിക്കൽ പലർക്കും അവകാശം പോലുമാണ്. വ്യവസ്ഥാപിതത്വം, എത്തിച്ചേരൽ, പൂർവ്വകാലത്തിന്റെ ഉടമസ്ഥാവകാശം എല്ലാം ആശയപരമായ നിശ്ചലമാകലാണ്. ചരിത്രത്തെ കണ്ടെത്താം; വ്യാഖ്യാനിക്കാം. എന്നാൽ ചരിത്രമാകാൻ ശ്രമിക്കുന്നത് നിശ്ചലാവസ്ഥയാണ്. ചരിത്രത്തിൽ സംഭവിച്ചതിനൊപ്പം നിൽക്കാം. എന്നാൽ അതിനപ്പുറത്തേക്ക് നോക്കാൻ വിസമ്മതിക്കുന്നത്, നാമെന്താണോ അത് കണ്ടെത്താൻ തടസ്സമാകും.
മനുഷ്യൻ ശരീരം മാത്രമാണെന്ന് സ്ഥാപിക്കരുത്. ശരീരത്തിനുള്ളിൽ ചിന്തിക്കുന്ന ഒരു ജീവിയുമുണ്ട്. ചിന്തിക്കുന്ന ജീവികൾ മുന്നോട്ട് വളരുകയാണ് ചെയ്യുന്നത്. കാലത്തിലാണ് ഈ വളർച്ച. ഭൂതകാലത്തിലേക്ക് പോകുമ്പോൾ, അതും കാലത്തിലുള്ള വളർച്ചയാണ്. ഏതൊന്നാണോ നാമെന്ന് വ്യക്തമായിക്കഴിഞ്ഞാൽ, സ്ഥിരീകരിച്ചാൽ, പിന്നെ വളർച്ചയില്ല. അതായിത്തീരാനുള്ള പ്രയത്നം മുഴുവൻ നിശ്ചലാവസ്ഥയെതന്നെ അഴിക്കുകയും പണിയുകയും ചെയ്തുകൊണ്ടിരിക്കും.
നമുക്ക് നാം എന്താണെന്ന് പൂർണ്ണമായി വ്യക്തമാക്കാൻ കഴിയില്ല. ഭാവിയുടെ വളർച്ചയും ഇന്നിന്റെ ചിന്തകളുമെല്ലാം അവ്യവസ്ഥാപരമാണ്. അവയ്ക്കൊന്നും സ്ഥിരമായ രൂപമില്ല. മാറിക്കൊണ്ടിരിക്കുകയാണ് അതിന്റെ വിധി. യുക്തി തന്നെ ഇവിടെ അയുക്തിയായിത്തീരുന്നു. യുക്തികൊണ്ട് നിർമ്മിക്കുന്നത് അയുക്തിയെത്തന്നെയാണ്. യുക്തിയാണെന്ന് വിചാരിച്ചതു, അടുത്ത നിമിഷം അയുക്തിയായിമാറുന്നു. അതുകൊണ്ട് നമുക്ക് പൂർണ്ണമായി മനസ്സിലാക്കാൻ കഴിയാത്ത ഒന്നായിതീരുന്നു, നമ്മുടെ അസ്തിത്വം.
നമുക്ക് നമ്മെ തന്നെ പൂർണ്ണമായി നിർവ്വചിക്കാനായാൽ, പിന്നെ, അതായിരിക്കാനേ കഴിയൂ, പിന്നെ ഒന്നും തേടേണ്ടതില്ല. ഇത് വളർച്ചയുടെ അവസാനമാണ്. അതുകൊണ്ട് എന്താണോ നാം, അത് ജീവിതാന്ത്യംവരെയും അന്വേഷിക്കേണ്ടിവരുന്നു. മറ്റൊരു രീതിയിൽ പറഞ്ഞാൽ, എന്താണോ നാം അതിനെത്തന്നെ നിരാകരിക്കുന്നത്, ശാശ്വതമായ അന്വേഷണമായിത്തീരുന്നു. ഈ യാത്രയിൽ, ഒരിടത്തും വ്യവസ്ഥാപിതത്വമില്ല. ഏത് വസ്തുവിനും അതിനെ തന്നെ നിരാകരിക്കാൻ കഴിയും എന്ന ആശയത്തിലേക്കാണ് ഇത് നയിക്കുന്നത്. നവാദ്വൈതത്തിലെ പ്രധാന ആശയമായ നിരാസം ഇതാണ്.
നിരാസം എപ്പോഴുമുണ്ട്. നിരാസം ആശയങ്ങളുടെയും പ്രവൃത്തികളുടെയും അനുസ്യൂത പ്രവാഹത്തിനുള്ള ഊർജ്ജമാണ്. ഈ ഊർജ്ജമില്ലെങ്കിൽ ഒരു വസ്തുവിനും മറ്റൊന്നിനെ കാണാൻ പോലുമാകില്ല; വൈരുദ്ധ്യങ്ങളെ കാണേണ്ടിവരില്ല. വൈരുദ്ധ്യമുണ്ടെന്ന് അറിയുന്നതുപോലും, ഈ നിരാസവാഞ്ചകൊണ്ടാണ്. ഏത് വസ്തുവും അതിന്റെ ഐഡന്റിറ്റിയെ പൊട്ടിച്ച് പുറത്തു കടക്കാനാണ് ആന്തരികമായി ശ്രമിക്കുന്നത്. ഉദാഹരണത്തിനു, പ്രാർത്ഥന എന്ന വസ്തു അല്ലെങ്കിൽ യാഥാർത്ഥ്യം അതിനെത്തന്നെ നിരസിക്കാനുള്ള വെമ്പൽ ഉള്ളിൽ സൂക്ഷിക്കുന്നു. അല്ലെങ്കിൽ, ഉണ്മ എന്ന വസ്തു അതിനെത്തന്നെ നിരസിക്കാൻ എപ്പോഴും തുനിയുന്നു. ഇത് ആന്തരികാവസ്ഥയാണ്. നാം ഉണ്മയെ ബന്ധനസ്ഥനാക്കിയാൽപ്പോലും, ഈ ഉദ്യമം നിലനിൽക്കുന്നു. കാരണം പ്രാർത്ഥനയും ഉണ്മയും യാഥാർത്ഥ്യങ്ങളായിരിക്കുന്നിടത്
ആശയ, ദാർശനികതലത്തിൽ പ്രാർത്ഥനയോ, ഉണ്മയോ അതായിരിക്കാൻ വിസമ്മതിക്കുന്നു. അത് പ്രകൃതിയുടെ പ്രവാഹത്തിലേക്ക് എത്താൻ കുതിക്കുകയാണ്. മനുഷ്യന്റെ ജോലി, അതിനെ സഹായിക്കുകയെന്നതാണ്.നവീകരണത്
ഏത് നിമിഷത്തിലും സ്വയം നിരസിച്ചുകൊണ്ടാണ് ഓരോ വസ്തുവും വിഭിന്ന ആശയലോകങ്ങളെ സമന്വയിപ്പിക്കുന്നത്. ശരിക്കും ഓരോ വസ്തുവും വലയിലെ കണ്ണികൾപോലെ ബന്ധപ്പെട്ട് നിൽക്കുന്നത് കാണാം. എന്നാൽ ആന്തരികമായി അവ സ്വയം നിരസിക്കുകയും ചെയ്യുന്നു. സ്ഥിരമായി ഭാവിക്കുന്നത്, ഒരിടത്ത് ഒരു വസ്തുവിനെത്തന്നെ പ്രതിനിധീകരിക്കുന്നത് മൗലികവാദമാണ്. അതുകൊണ്ട് മനുഷ്യർ ഓരോന്നിനെയും അതിൽ നിന്ന് മോചിപ്പിക്കുന്നു. ഈ വിമോചനം അഥവാ നിരാസമാണ് കലയിലും ടെക്നോളജിയിലും ചിന്തയിലും എല്ലാം കാണുന്നത്. വസ്തുക്കളുടെ സ്വയം നിരാസം മനുഷ്യചിന്തയിലൂടെയാണ് നാം അറിയുന്നത്. നാം പുതിയ ക്രമങ്ങളിൽ വസ്തുക്കളെ ബഡ്ഡ് ചെയ്തെടുക്കുന്നു. ചിത്രങ്ങൾ, ബിംബങ്ങൾ, ചരിത്ര സന്ദർഭങ്ങൾ എല്ലാം അതാതിന്റെ ഇടത്ത് നിന്ന് എടുത്ത് മാറ്റി മറ്റൊരിടത്ത് വയ്ക്കുമ്പോൾ അത് പുതിയ പ്രവാഹത്തിൽ എത്തുന്നു. സ്വയം നിരസിച്ച് അത് മറ്റൊരു ഒഴുക്കിലെത്തുന്നു. നവാദ്വൈതത്തിന്റെ സംസ്കാരം ഇതാണ്.
സ്വയം നിരാസം അവസാനിക്കാത്ത നിർമ്മാണം കൂടിയാണ്. നിരസിക്കുന്നതിലൂടെയാണല്ലോ മറ്റൊന്നാക്കുന്നത്. പ്രകൃതിയിലും ഈ നിർമ്മാണമുണ്ട്. ബാല്യത്തെ നിരസിച്ച് കൗമാരത്തിലും യൗവ്വനത്തിലും വാർദ്ധക്യത്തിലുമെത്തുന്നതുപോലെ
ജീവിതത്തിൽ ഒരു അദ്വൈതമേയുള്ളു. നിരാസത്തിലൂടെ മറ്റൊന്നായി മാറുന്നതിന്റെ പ്രവാഹം മാത്രമേയുള്ളു. ഈ അദ്വൈതമാണ് നവീനമായ അദ്വൈതം. ഒന്നും അതായിനിൽക്കുന്നില്ല. എപ്പോഴും മാറുന്നു. ഓരോ വസ്തുവിലും മറ്റൊന്നായി മാറാനുള്ള തൃഷ്ണയാണുള്ളത്. ഭാവനയിലും കലയിലും സംസ്കാരത്തിലുമെല്ലാം ഈ രൂപപരിവർത്തിനവും പ്രവാഹവുമാണുള്ളത്. ഏതൊന്നാണോ നാം സ്ഥിരമെന്നനിലയിൽ പ്രതിഷ്ഠിക്കുന്നത്, അത് മറ്റുള്ളവയിൽ നിന്നെല്ലാം അകന്ന് മാറി, അതായിമാത്രം നിൽക്കുന്നതോടെ സ്തംഭനാവസ്ഥയിലേക്ക് നീങ്ങുന്നു. അതായത്, നിരാസവും നിർമ്മാണവും നവാദ്വൈതത്തിൽ ഒരു യാഥാർത്ഥ്യത്തിന്റെ തന്നെ രണ്ട് വശങ്ങളാണ്. ഒരു വസ്തു അല്ലെങ്കിൽ ഒരാശയം അതിനെതന്നെ പ്രതിനിധാനം ചെയ്യുന്നത് മതിയാക്കി, അതിനു പുറത്തുള്ള പ്രാപഞ്ചികമായ സമയത്തിന്റെ ചലനാത്മകമായ പ്രവാഹത്തിലേക്ക് എത്തുന്നു. വസ്തുവിനെ, ആശയത്തെ അസംഖ്യം കോണുകളിൽ നിന്ന് സമീപിക്കാനുള്ള സാധ്യതകൾ അതിനുള്ളതാണ്. ചെറിയൊരു ബ്രോഷറിന്റെ നിർമ്മാണകലയിൽപ്പോലും സംസ്കാരവും നിരാസവും നിർമ്മിതിയും സംയോജിക്കുന്നത് കാണാം. ബ്രോഷറിനുപയോഗിക്കുന്ന വർണ്ണങ്ങൾ ഒന്നും തന്നെ പൂർവ്വനിശ്ചിതമല്ല. ഡിസൈനറുടെ അന്നേരത്തെ ഇഷ്ടമാണ് ഇതിനു പിന്നിലുള്ളത്. അതിനാവശ്യമായി വരുന്ന പ്രത്യേകതരം ഫോണ്ടുകളും മുൻവിധിയിൽ നിന്ന് സ്വതന്ത്രമായി കടന്നുവരുന്നതാണ്. ബ്രോഷറിൽ ഭാവാത്മകതയ്ക്കായി ചേർക്കുന്ന ചില പെയിന്റിംഗിന്റെ ഭാഗങ്ങൾ, ഫോട്ടോകളുടെ ഭാഗങ്ങൾ എല്ലാം സൂചിതാർത്ഥങ്ങളും സാംസ്കാരികച്ചിഹ്നങ്ങളുമാണ്. കഥകളിതലയോ, വാദ്യോപകരണങ്ങളോ, പ്രകൃതിദൃശ്യങ്ങളോ, ചേർക്കുമ്പോൾ അവയൊന്നും ബ്രോഷറിന്റെ പ്രമേയവുമായി ചേരണമെന്ന ചിന്തപോലും അപ്രസക്തമാണ്. ആ ബിംബങ്ങൾ അർത്ഥത്തിന്റെ പ്രതിനിധാനമല്ല, അർത്ഥരാഹിത്യത്തിന്റെ പ്രതിനിധാനമാണ്. അർത്ഥരഹിതമായി തന്നെ സാന്നിദ്ധ്യമറിയിക്കുന്ന ആ ചിത്രഭാഗങ്ങളും ബിംബങ്ങളും നിറങ്ങളും ഫോണുകളും എന്താണോ ബ്രോഷറിലെ സന്ദേശമെന്നതിനപ്പുറം പോകുന്നു. അങ്ങനെ ബ്രോഷറിന്റെ സന്ദേശത്തിനു സ്വയം നിരസിച്ച് മറ്റൊന്നാകാനുള്ള അവസരമൊരുക്കുന്നു.
നിരാസമില്ലെങ്കിൽ നിർമ്മാണമില്ല. നവാദ്വൈതത്തിൽ ഒന്നിന്റെയും ഐഡന്റിറ്റി സ്ഥിരമല്ല. സ്ഥിരമായ ഐഡന്റിറ്റി എന്നത് ജഡാവസ്ഥയാണ്. അത് സ്തംഭനമാണ്. വിചാരം എപ്പോഴും പുതുതാകാനുള്ളതാണ്. ഐഡന്റിറ്റി ഒരാളെ സ്വയം ബന്ധനസ്ഥനാക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട്, വസ്തുക്കളുടെ, ആശയങ്ങളുടെയുള്ളിലുള്ള പ്രവാഹാത്മകത, അനേകം പാറ്റേണുകൾ സൃഷ്ടിക്കാനുള്ള ചലനാത്മക ഘടനയാണ്. ഇതിനെ ഭേദിക്കുകയാണ് ആധുനിക സംസ്കാരത്തിന്റെ സ്വഭാവവും രീതിയും.
ഇന്ന് പാരമ്പര്യത്തിന്റെ ചിഹ്നങ്ങളെല്ലാം ആധുനിക മനുഷ്യരുടെ സ്വയംനിരാസത്തിനും പുനർനിർമ്മാണത്തിനുമുള്ളതാണ്. ഓരോ നിമിഷവും ഓരോ വസ്തുവും പുതുതാകുന്നു എന്ന ആശയത്തിന്റെ വിപുലീകരണമാണിത്. എല്ലാ ചിഹ്നങ്ങളും, ഏത് സംയുക്തവസ്തുവിലാണോ ഉള്ളത്, അതിനോട് ബാഹ്യവും ആന്തരികവുമായി രണ്ടുതരം ബന്ധം പുലർത്തുന്നത് കാണാം. ഒരു പോത്തിന്റേതലയിൽ, ഒരു കാടുണ്ട്. അത് പിറവിയിലേ കൊണ്ടുനടക്കുന്ന വനജീവിതത്തിന്റെ കാടാണത്. എന്നാൽ പോത്തിന്റെ തല, അസ്ഥിമാത്രമായി, പെയിന്റ് ചെയ്ത് വീട്ടിലോ റസ്റ്റോറന്റിലോ ആർട്ട് ഗാലറിയിലോ വയ്ക്കുമ്പോൾ, അത് കാടല്ല, സംസ്കാരമാണ്. കാടിനെ നിഷേധിക്കുന്ന ഉൽപന്നമാണത്. അത് മറ്റൊരു വിനിമയമാണ്. പോത്ത് എന്ന ജീവിയുടെ തലയായിരിക്കുമ്പോഴുള്ള ലക്ഷ്യത്തിൽ നിന്ന്, മാർഗ്ഗത്തിൽ നിന്ന് മാറി, മറ്റൊന്നായി നിലനിൽക്കയാണ്. പോത്തിൻതല, പൊതുവേദികളിൽ ഓർമ്മയുടെ ബിംബമാണ്. നഷ്ടപ്പെട്ട ബന്ധങ്ങളുടെ ഓർമ്മയായി അത് പുനർജനിക്കുന്നു. ഏത് വസ്തുവിനും ഇങ്ങനെ, അതിന്റെ പിറവിയിലോ, സംയുക്താവസ്ഥയിലോ ഉള്ള ഘടകം എന്ന നിലയിലുള്ള അസ്തിത്വം കാലികവും ആപേക്ഷികവും ദ്വന്ദാത്മകവുമാണ്. രണ്ട് തരം പ്രത്യക്ഷതകൾ അതിനുണ്ട്. സംയുക്തമണ്ഡലത്തിന്റെ, അല്ലെങ്കിൽ സംയുക്തവസ്തുവിന്റെ ഭാഗമായിരിക്കാനുള്ള ദൗത്യം. മറ്റൊന്ന്, അനേകം അനന്തര അവസ്ഥകളിൽ വെറും ഘടകമായിരിക്കാനും സാംസ്കാരികാവസ്ഥകളിൽ ഉദ്ദേീപനം നടത്താനുമുള്ള ദൗത്യം. ഇതുരണ്ടും കാണുകയാണെങ്കിൽ, ഏത് വസ്തുവിനും വിമോചനമുണ്ടെന്ന് മനസ്സിലാക്കാം. ഒന്ന്, ആ വസ്തുവിന് സ്വയം വിമോചിപ്പിക്കാനുള്ള ആന്തരികവാഞ്ചയുണ്ട്. അതിനെ സ്വന്തം മൗലികാവസ്ഥയിൽ, സ്ഥിരമായി ഉരുക്കിപ്പിടിപ്പിച്ചിട്ടില്ല. അത് പലതാണ്. രണ്ട്, അത് മനുഷ്യചിന്തയിലൂടെ, സാംസ്കാരിക നിർമ്മിതികളിലൂടെ, വിഭിന്നസാഹചര്യങ്ങളിലൂടെ അനേകം വസ്തുക്കളുടെ, ആശയങ്ങളുടെ വിഭിന്നഘടകങ്ങളായി മാറുന്നു. ഒരു ലാൻഡ്സ്കേപ്പ് ഫോട്ടോഗ്രാഫ് ഉദാഹരണമായെടുക്കാം. അതിലെ ആകാശക്കീറുകളും മരങ്ങളും സമതലങ്ങളുമെല്ലാം ചേർന്നാണല്ലോ സംയുക്തചിത്രം ഉണ്ടായിട്ടുള്ളത്. അതിൽ നിന്ന് ആകാശക്കീറുകളുടെ ഭാഗം മാത്രം വെട്ടിയെടുത്ത് ഗ്രാഫിക് ഡിസൈനിംഗിനായി ഉപയോഗിക്കുമ്പോൾ, ആ ആകാശക്കീറ് ഡിസൈനിംഗിലെ പൊതുസന്ദേശത്തിനു ബലം വർദ്ധിപ്പിക്കുന്ന ഘടകമായി മാറുകയാണ്. ആകാശക്കീറ് ഫോട്ടോഗ്രാഫിലേതിൽ നിന്ന് വ്യത്യസ്തമായി, ഗ്രാഫിക്സിനു വേണ്ടതായ സഹജസ്വഭാവത്തെ കണ്ടെത്തുമ്പോൾ മാത്രമേ നിരാസവും നിർമ്മാണവും ഒത്തുവരുകയുള്ളു.
വസ്തുക്കൾ അല്ലെങ്കിൽ ആശയങ്ങൾ ഏതെങ്കിലും ശാസ്ത്രത്തിന്റെ തത്ത്വത്തിന്റെ ഘടകമായിരിക്കെത്തന്നെ അവ മറ്റു പല നിർമ്മാണങ്ങളുടെയും അസംസ്കൃതവസ്തുക്കളുമാണ്. ഒരു വസ്തുവിന്റെയോ, യാഥാർത്ഥ്യത്തിന്റെയോ മാത്രമായി ഒരു ഘടകവുമില്ല. അതിന്റെ അർത്ഥം ഒന്നിനും നിശ്ചിതമായ അർത്ഥമോ, സംസ്കാരമോ ഇല്ലെന്നാണ്. പുനക്രമീകരിച്ചാൽ പുതിയ യാഥാർത്ഥ്യമായി. നമ്മുടെ യാഥാർത്ഥ്യത്തെ നമുക്ക് തന്നെ കൂട്ടിയോജിപ്പിക്കുകയോ പുനസംഘടിപ്പിക്കുകയോ ചെയ്യാനാകും. അങ്ങനെ ചെയ്യാത്തപ്പോൾ, ഏത് വസ്തുവും ചിഹ്നവിജ്ഞാനീയമായി പരിവർത്തിക്കപ്പെടുന്നു. ഇത് നിരാസവും നിർമ്മാണവുമാണ്.
സ്വയം നിരാസവും നിർമ്മാണവും പ്രാചീനമായ എല്ലാ തത്ത്വങ്ങൾക്കും സമാന്തരമായാണ് നീങ്ങുന്നത്. ഇത് കലകളെപ്പറ്റിയുള്ള വ്യവസ്ഥാപിതസങ്കൽപങ്ങളെതന്നെ അട്ടിമറിക്കുകയാണ്. തെരുവിൽ പാടുന്ന ഗായകരെ ഞാൻ ഓർക്കുകയാണ്. ഒരു ദിവസം സന്ധ്യയ്ക്ക് മൂവാറ്റുപുഴയിൽ നിന്ന് തൃപ്പൂണിത്തുറയിലേക്ക് ബസ്സിൽ വരുകയായിരുന്നു. കോലഞ്ചേരിയിൽ ഏതാനും അന്ധയുവതികൾ പാടിയ വിഷാദ ഗാനം എനിക്ക് സ്വയം നിരാസത്തിന്റെയും നിർമ്മാണത്തിന്റെയും അനുഭവമായി. അവർ വളരെ പ്രശസ്തമായ ഒരു സിനിമാഗാനം (ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ ആയിരംപേർവരും, കരയുമ്പോൾ കൂടെ കരയാൻ നിൻനിഴൽമാത്രം വരും...) ആലപിക്കുകയായിരുന്നു. എസ്.ജാനകി പാടിയ ആ ഗാനം മറ്റൊന്നായി അവിടെ രൂപാന്തരപ്പെടുകയായിരുന്നു. ആ അന്ധയുവതികൾ അവരുടേതായ യാഥാർത്ഥ്യത്തിൽ, അവർ ഒരുക്കിയെടുത്ത വിവിധ ജീവിത ഘടകങ്ങൾകൊണ്ട് നിർമ്മിച്ചെടുത്ത യാഥാർത്ഥ്യത്തിൽ പാടിയ ആ ഗാനം പഴയ സിനിമാഗാനത്തെ നിരസിച്ച് പുതിയ ഒന്നാക്കി. യഥാർത്ഥഗാനം പാടിയ ജാനകിയെ, ഈ ഗായകർ സ്മൃതികളിലൂടെ വിദൂരതകളിലേക്ക് പറഞ്ഞയച്ചു. ജാനകിയുടെ ഗാനത്തിന്റെ സന്ദർഭമോ, അർത്ഥമോ, ചരിത്രമോ ഒന്നും ഈ ഗായകർക്ക് ആവശ്യമില്ല. ചരിത്രം അതിന്റെ തന്നെ പാഴ്‌വസ്തുക്കളെ നിർമ്മിക്കുന്ന സന്ദർഭമാണിത്. ജാനകിയുടെ യഥാർത്ഥഗാനത്തിന്റെ സകലഘടകങ്ങളെയും ഉപയോഗശൂന്യമായ വസ്തുക്കളായി കണ്ട്, ഈ ഗായകർ വലിച്ചെറിയുന്നു. പകരം അവർ സൃഷ്ടിക്കുന്ന യാഥാർത്ഥ്യം, പഴയ ഗാനത്തിന്റെ ഘടകങ്ങൾക്ക് പുതിയ അർത്ഥം ഉണ്ടാക്കുന്നതിനെക്കുറിച്ചാണ്. ഇവിടെ സംഭവിക്കുന്നതെന്താണ്? ഏത് ചരിത്രവസ്തുവും പല ഘടകങ്ങളാണ്, പല ചിഹ്നങ്ങളാണ്. ആ ചരിത്രവസ്തുവിനെ അവിടെ നിന്ന് മാറ്റി, മറ്റൊരു സ്ഥലത്ത് വച്ച് പുനരാവിഷ്കരിക്കുമ്പോൾ അതിനു പുതിയ ചില ഘടകങ്ങൾ സാംസ്കാരത്തിന്റെ ഉപാധികളായി ലഭിക്കുന്നു. അന്ധഗായകർ കൂട്ടി ഘടിപ്പിച്ചെടുത്ത യാഥാർത്ഥ്യത്തിൽ, അവർ സ്വന്തം ജീവിതത്തെയും സാംസ്കാരിക ഉൽപാദനോപാധിയെന്ന നിലയിൽ ഉൾപ്പെടുത്തുന്നു. ഇത് പഴയ ഗാനത്തിന്റെ സ്വയം നിരാസവും, ഗായകരുടെ നിർമ്മാണവുമാണ്.
മുഴുനീള ആസ്വാദനമോ, ഇതിവൃത്തമോ, ആഖ്യാനമോ ഇന്ന് പ്രസക്തമല്ല. ചെറുതുണ്ടുകളാണ് മുഖ്യപ്രമേയങ്ങളാകുന്നത്. അനേകം ചെറുതുണ്ടുകൾ സിനിമാറ്റിക്ക് അനുഭവം എന്നപോലെ വന്ന്, പരസ്പര ഭിന്നമെങ്കിലും ഏകാനുഭവമായി മാറുന്നു. ടെലിവിഷൻ ദൃശ്യങ്ങളുടെ നേരെയുള്ള നമ്മുടെ സമീപനം ഇതിനുദാഹരണമാണ്. ഒരു വിഷ്വൽ ഒരിടത്തും ഒറ്റയ്ക്കാവുന്നില്ല. മുഖ്യമാകുന്നില്ല. ഒന്ന് കഴിഞ്ഞാൽ മറ്റൊന്ന് എന്നിങ്ങനെ പ്രാമുഖ്യം നേടുകയാണ്. ഒന്നു കഴിഞ്ഞാൽ അതിന്റെ തുടർച്ച കുറച്ചുനേരത്തേക്കുണ്ട്. മറ്റൊരു പരിപാടിയാവും പിന്നീട് വരുക. എന്നാൽ പ്രോഗ്രാം മുഴുമിപ്പിക്കാതെ നാം മറ്റൊരു ചാനലിലേക്ക് പോകാനുള്ള സാധ്യതയാണ് എപ്പോഴുമുള്ളത്. ഈ തുണ്ടുകളിലൂടെയുള്ള യാത്ര നമുക്ക് ഒന്നിനൊന്ന് ഭിന്നമായ ആഭിമുഖ്യങ്ങളല്ല, വലിയ ഒരു അനുഭവത്തിന്റെ ഘടകങ്ങളായാണ് പ്രത്യക്ഷപ്പെടുന്നത്. ഭിന്നമായ ദൃശ്യങ്ങൾകൊണ്ട്, നാം സാങ്കൽപികമായ ബൃഹത് അനുഭവം നേടുന്നു. ഇത് പ്രതീതി യഥാർത്ഥ്യമാണ്.
മുഴുനീള പ്രമേയങ്ങൾ സ്വയം നിരാസത്തിനോ നിർമ്മാണത്തിനോ പറ്റിയതല്ല എന്നാണ് പുതിയ സാംസ്കാരിക ജീവിതം നൽകുന്ന സൊാചന. ഓരോ നിമിഷത്തിലും ഓരോ വസ്തുവും പുതിയതാണ്. അങ്ങനെയൊരു പ്രതീതിയുണ്ട്. കല്ലിനുള്ളിൽ ഏത് രൂപത്തിലുള്ള പ്രതിമകൾ ഉണ്ടെന്നതുപോലെത്തന്നെ, ഓരോ വസ്തുവിനും സ്വയം നിരസിക്കാനും മറ്റൊന്നാകാനുമുള്ള സ്വഭാവമുണ്ട്. ഇത് വസ്തുവിൽ നിക്ഷിപ്തമാണ്. അതുകൊണ്ട്, വസ്തുവിന്റെ നിമിഷയാഥാർത്ഥ്യങ്ങളെ അവഗണിച്ചുകൊണ്ട് അതിനുമേൽ ബൃഹത് പ്രമേയത്തിന്റെ പുതപ്പ് പുതപ്പിക്കുന്നത് അയഥാർത്ഥമാണ്. ഓരോ നിമിഷത്തിന്റെയും തുണ്ടുകളിലൂടെ സഞ്ചരിക്കുമ്പോൾ, അതിനെതന്നെ നിരാകരിക്കാനും മറ്റൊന്നാകുക എന്ന അസ്തിത്വത്തിന്റെ വിധി ഏറ്റെടുക്കാനും സാധ്യതതെളിയുന്നു.
മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന സിനിമകളോ കലാപ്രകടനങ്ങളോ കാണാൻ ഇന്നത്തെ തിരക്കുപിടിച്ച കാലത്ത് സമയം ലഭിക്കുകയില്ല. ദീർഘിച്ച ആഖ്യാനങ്ങൾ, അസ്തിത്വ വിരുദ്ധമാണ്. ചെറുതുണ്ടുകളിലൂടെ തന്നെ മനുഷ്യനു ആവശ്യമായ കലയും സംസ്കാരവും നേടാമെന്നിരിക്കെ, മുഴുനീള ആഖ്യാനങ്ങൾ ഭാരമായിത്തീരുന്നു.
കലയുടെയോ സംസ്കാരത്തിന്റെയോ വക്താവാകാൻ, അതുകൊണ്ട് തന്നെ ഇന്നത്തെ മനുഷ്യർക്ക് പ്രയാസമായിരിക്കും. പലതരം കലകൾ, സംസ്കാരങ്ങൾ, ഉപഭോക്തൃവസ്തുക്കൾ, സാങ്കേതികമികവ് പ്രകടിപ്പിക്കുന്ന ഉപകരണങ്ങൾ എന്നിവയിലൂടെയാണ് ഒരാൾ ഇന്ന് താൻ ഒരു സംസ്കാരിക ജീവിയാണെന്ന് തിരിച്ചറിയുന്നത്. എന്നാൽ അയാൾക്ക് ജീവിതകാലം മുഴുവൻ പ്രത്യേകപാറ്റേണിലോ, ചിട്ടയിലോ ഉള്ള സാംസ്കാരിക ജീവിയാകേണ്ട ബാധ്യതയില്ല. കാരണം അയാൾക്ക് സ്വയം നിരസിക്കാനുള്ള വാഞ്ചയുണ്ട്. പുതിയ ഉൽപന്നങ്ങളിലൂടെ അയാൾ തന്റെ അസ്തിത്വത്തെ പരീക്ഷണവസ്തുവാക്കുന്നു. സാഹസികത, രചന, ഉപഭോഗം എന്നിവയിലെല്ലാം അയാൾ സ്വയം പരീക്ഷിക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ ആശയത്തിന്റെ അഖണ്ഡാവസ്ഥയിൽ നിന്ന്, സാമ്പ്രദായികതയുടെ ഏക ലക്ഷ്യത്തിൽ നിന്ന് അയാൾ പലതുണ്ടുകളായി ചിതറി, പല വസ്തുക്കളായി പരിണമിച്ച്, ഓരോ നിമിഷവും സ്വയം നവീകരിക്കുന്നു. നിശ്ചിതമായ സ്വത്വമോ, ഭാവുകത്വമോ ഇവിടെയില്ല. സ്വത്വവും ഭാവുകത്വവും, സ്വച്ഛന്ദമായ പ്രവാഹത്തിനെതിരാണ്.
നവീനമായ ഡിജിറ്റൽ ടെക്നോളജിയിലും ഈ സ്വയം നിരാസവും നവീകരണവുമാണുള്ളത്. പ്രതീതി യാഥാർത്ഥ്യത്തിന്റെ കാര്യം തന്നെയെടുക്കാം. ഇന്റർനെറ്റ് വെബ് പേജുകൾ ഒന്നിൽ തന്നെ പലതാണ്. ലിങ്കുകളിലൂടെയാണ് ഈ പലവിധ പേജുകൾ യാഥാർത്ഥ്യമാവുന്നത്. എന്നാൽ അതിനു ക്രമമോ ചരിത്രമോ വ്യക്തിനിഷ്ഠതയോ വസ്തുനിഷ്ഠതയോ ഇല്ല. അത് നാം എങ്ങനെ ഉപയോഗിക്കുന്നുവോ അതിനനുസരിച്ച് മാറിക്കൊണ്ടിരിക്കും. തിരഞ്ഞെടുക്കുന്നയാളിന്റെ ഇഷ്ടത്തിനനുസരിച്ച്, ഒരു പേജിൽ നിന്ന് സഞ്ചരിച്ചുകൊണ്ടിരിക്കും. തുടങ്ങിയ പേജിലേക്ക് തിരിച്ചുവരണമെന്നില്ല. ഓരോ വഴി തുറക്കപ്പെടുന്നത്, നിമിഷത്തിന്റെ കൗതുകമനുസരിച്ചാണ്. മത്സ്യസഞ്ചാരങ്ങളാണ് ഇതിനുസാദൃശ്യം പറയാവുന്ന പ്രതിഭാസം. മത്സ്യങ്ങൾക്ക് സൂക്ഷിക്കാനായി വഴികളില്ല. എല്ലാ വഴികളും അവയുടെ നൈമിഷികമായ ചോദനയാൽ നിർമ്മിക്കപ്പെടുന്നു. അപ്പോൾ തന്നെ അതു വിസ്മൃതമാവുകയും ചെയ്യുന്നു. ഇതുതന്നെയാണ് നവാദ്വൈതവും. ഓരോ നിമിഷത്തിലുമുള്ള സഞ്ചാരം സ്വയം നിരാസവും നിർമ്മാണവുമായിത്തീരുന്നു. അതാകട്ടെ, പിന്നീട് തിരിച്ചുവരാനുള്ളതല്ല. ഓർമ്മകൾ കൊണ്ട് തുഴഞ്ഞ് സ്വയം മറവിയാകാനുള്ളതാണ് ഈ സ്വയം നിരാസം. പുനർ നിർമ്മാണത്തിലും, ഓർമ്മയും മറവിയും ഇരുവശങ്ങളിലുമായി ഒട്ടിച്ചുവച്ചിരിക്കുന്നു. സൈബർ പേജുകൾക്കൊന്നിനും ചരിത്രത്തിന്റെ മാതൃത്വം ഏറ്റെടുക്കാനാവില്ല. അവയെല്ലാം വസ്തുവിന്റെയുള്ളിലെ അനേകം രൂപങ്ങൾപോലെ, പലവിധ നിർമ്മിതികൾക്കായി പ്രതീതി യാഥാർത്ഥ്യങ്ങൾ സൂക്ഷിക്കുന്നു. ഓരോപേജും അസംഖ്യം പേജുകളാണ്. എന്നാൽ ഇവ പരസ്പരം പ്രമേയത്തിലോ, രൂപത്തിലോ സാമ്യം പുലർത്തുന്നില്ല.
നവാദ്വൈത ദർശനത്തിലെ നിമിഷങ്ങളുടെ സ്വയം നിരാസത്തിലും നിർമ്മാണത്തിലും ഇതുപോലെ അസംഖ്യം സാധ്യതകളുണ്ട്. പരസ്പരബന്ധം പുലർത്താൻ കഴിയാത്ത വിധം അനന്തമായ പ്രവാഹാത്മകതയാണിതിലുള്ളത്. ഒന്നിൽ നിന്ന് നാം തിരഞ്ഞെടുക്കുന്നത് നമ്മുടെ ഇഷ്ടമനുസരിച്ചാണ്. അതിനു ക്രമമോ, തുടർച്ചയോ, ആശയപരമായ പൊരുത്തമോ ഒന്നുമില്ല. ഏതൊന്നാണോ നാം, അതിനെ തള്ളിക്കളഞ്ഞ് മറ്റൊന്നാകാൻ ശ്രമിക്കുന്നതിലൂടെ, നാം ഒന്നുമല്ല എന്ന പരോക്ഷമായ സന്ദേശംകൂടി നൽകുന്നു. ഈ സന്ദേശം ആരെയെങ്കിലും ഉദ്ദേശിച്ചു നിർമ്മിക്കുന്നതല്ല. അതും പ്രതീതിയാണ്.
No comments:
Post a Comment